ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പരാതിയിൽ പറയുന്ന ദിവസം നിവിൻ പോളി വിദേശത്ത് പോയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻ പോളി അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തെന്നുമായിരുന്നു ആരോപണം. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിവിൻ പോളിയെയും സിനിമാ നിർമ്മാതാവ് എകെ സുനിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ നിവിൻ പോളി പത്രസമ്മേളനം വിളിച്ചിരുന്നു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അന്ന് നിവിൻ പറഞ്ഞിരുന്നു. നിവിൻ പോളി നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ മൊഴിയെടുത്തിരുന്നു. എന്നാൽ പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് പോയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Story Highlights: Actor Nivin Pauly removed from suspect list in sexual assault case due to lack of evidence