കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 148 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 9,619 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023-ൽ അത് 23,748 ആയി ഉയർന്നു. ഈ വർഷം പകുതിയോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 31,019 ആയി വർധിച്ചു. ഓൺലൈൻ തട്ടിപ്പുകളിലൂടെ മാത്രം 635 കോടി രൂപയാണ് ഈ വർഷം സംസ്ഥാനത്ത് നഷ്ടമായത്. ഇതിൽ 88 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ സാധിച്ചത്.
സൈബർ തട്ടിപ്പുകാർ പ്രധാനമായും സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും ഇരകളാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. 30-40 വയസിനിടയ്ക്ക് പ്രായമുള്ള 981 പേരും 20-30 വയസ്സ് പ്രായമുള്ള 637 പേരും 60 വയസ്സിനുമേൽ പ്രായമുള്ള 426 പേരും തട്ടിപ്പിനിരയായി. ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേനെ 211 തട്ടിപ്പുകളും 1002 സൈബർ തൊഴിൽ തട്ടിപ്പുകളും കേരളത്തിലുണ്ടായി.
വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്. സൈബർ തട്ടിപ്പിന് ഉപയോഗിച്ച 12,658 മൊബൈൽ സിം കാർഡുകൾ ഡീ ആക്ടിവേറ്റ് ചെയ്തു. 32,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 18,200 വെബ്സൈറ്റുകളും 537 ഓൺലൈൻ വായ്പ ആപ്പുകളും 9067 സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിഷ്ക്രിയമാക്കി. കൊച്ചി സൈബർ ഡോമിൽ ഒരു ക്രിപ്റ്റോ കറൻസി അന്വേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകൾ തടയാൻ 355 ഓഫീസർമാരുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.
Story Highlights: Kerala sees 148% increase in cyber crimes, with women and educated professionals as primary targets