കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിൽ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തി. ബേസ് മൂവ്മെന്റ് പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, കരിം രാജ എന്നിവരാണ് കുറ്റക്കാരെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിധിച്ചത്. നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നാളെ പ്രതികൾക്കെതിരെയുള്ള ശിക്ഷാ വിധി കോടതി പ്രഖ്യാപിക്കും. വീഡിയോ കോൺഫറൻസ് വഴി പ്രതികളെ ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ച് സ്ഫോടനം നടത്തിയത്. മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായിരുന്നു സ്ഫോടനത്തിന് പിന്നിൽ. സ്ഫോടനത്തിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഭവ ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്.
കേസിൽ പ്രതികൾ തങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. പരമാവധി ശിക്ഷ നൽകരുതെന്നും, എട്ടുവർഷമായി ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ മാനുഷിക പരിഗണന ഉണ്ടാകണമെന്നും പ്രതികൾ വാദിച്ചു. കേരള പൊലീസിന് പ്രതികളെ കണ്ടെത്താനാകാതിരുന്ന സാഹചര്യത്തിൽ, വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെയാണ് എൻ.ഐ.എ സംഘം പ്രതികളെ പിടികൂടിയത്.
Story Highlights: Kollam Collectorate Bomb Blast Case: Three accused found guilty after eight years of trial