കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാൾ കൂടി മരിച്ചു. നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജുവാണ് (38) മരണത്തിന് കീഴടങ്ങിയത്. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.
അപകടത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ ബിജുവിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിൽ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടത്തിൽ 100 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 32 പേർ ഐസിയുവിൽ തുടരുകയാണ്. അഞ്ചുപേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കളിയാട്ടത്തിന്റെ ആദ്യദിനത്തിൽ രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ചതാണ് അപകടകാരണം. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിൽ വെറും മൂന്നരയടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. അപകടസമയം ക്ഷേത്രപരിസരത്ത് മൂവായിരത്തോളം പേർ ഉണ്ടായിരുന്നു. ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Story Highlights: One more death in Nileshwar firework accident, total casualties rise to three