കൊല്ലം സ്വദേശിയായ കുര സുഭാഷ് ഭവനിൽ സുഭാഷിനെ 1.5 കിലോഗ്രാം കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പൊലീസ് പിടികൂടി. സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ച് നൽകുന്ന കാപ്പാ കേസ് പ്രതിയാണ് സുഭാഷ്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും എഴുകോൺ പൊലീസും ചേർന്നാണ് കൊല്ലം റൂറൽ സ്ക്വാഡിൻ്റെ നിരീക്ഷണത്തിൽ ഉള്ള ഇയാളെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ചാണ് ഇയാൾ വിദ്യാർഥികൾക്ക് നൽകിയിരുന്നത്.
കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിന് സുഭാഷിന് വിലക്കുണ്ടായിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഇയാളെ രണ്ടു മാസം മുൻപേ തന്നെ ഡാൻസാഫ് ടീം പിടികൂടി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു. അവിടെ നിന്ന് ജയിലിൽ പോയ ഇയാൾ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങുകയായിരുന്നു.
ആറു മാസത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് എന്ന വിലക്ക് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ഇയാളെ പൊലീസ് പിടികൂടുന്നത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ അറസ്റ്റോടെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിലെ കഞ്ചാവ് വിതരണത്തിന് തടയിടാൻ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.
Story Highlights: Kollam police arrest KAPA case accused Subhash for supplying cannabis to school and college students