ഒഡീഷയിലെ സുന്ദർഗഡിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയതായും പരാതിയുണ്ട്.
മഹാരാഷ്ട്രയിലെ വാർദ്ധ, ജാർഖണ്ഡിലെ ധൻബാദ്, ബിഹാറിലെ ചപ്ര എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു നാടോടി ഗോത്ര കുടുംബങ്ങൾ നാലഞ്ചു ദിവസം മുൻപ് സുന്ദർഘഡിൽ എത്തിയിരുന്നു. ഈ കുടുംബങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പരാതിക്കാരന്റെ ഭാര്യയെയും നാലു മക്കളെയും അക്രമികൾ തട്ടിക്കൊണ്ടു പോയതായും ആരോപണമുണ്ട്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റൂർകല ഡിഐജി ബ്രിജേഷ് റായ് പറഞ്ഞതനുസരിച്ച്, നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കെ, പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Highlights: 5 killed in clash among nomadic groups over alleged extramarital affair in Odisha