കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിൽ രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ചതാണ് അപകടത്തിന് കാരണമായത്. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ ലംഘിച്ച്, പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിൽ വെറും മൂന്നരയടി മാത്രമായിരുന്നു അകലം.
അപകടത്തിൽ നൂറ്റമ്പതോളം പേർക്കാണ് പരുക്കേറ്റത്. നിലവിൽ 101 പേർ പതിമൂന്ന് ആശുപത്രികളിലായി ചികിത്സയിലാണ്. ഐസിയുവിൽ 29 പേരും, വെന്റിലേറ്ററിൽ ഏഴുപേരും തുടരുന്നുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കമ്പപ്പുരയ്ക്ക് ചുറ്റും ക്ഷേത്രപരിസരത്തുമായി അപകടസമയം മൂവായിരത്തോളം പേർ ഉണ്ടായിരുന്നു. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. തിക്കിലും തിരക്കിലുപ്പെട്ടും നിരവധി പേർക്ക് പരുക്കേറ്റു.
സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികളായ 5 ക്ഷേത്ര ഭാരവാഹികൾക്ക് നേരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ എട്ട് പേരെ പൊലീസ് കേസിൽ പ്രതി ചേർത്തെങ്കിലും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: Government to bear medical expenses of injured in Nileshwar fireworks accident, investigation underway