കാസർഗോഡ് നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് 154 പേർ ചികിത്സയിൽ കഴിയുന്നു. പൊള്ളലേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചികിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്തു. 2 പേർ വെന്റിലേറ്ററിലാണ്. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തുന്നതായി ഡോക്ടർമാർ അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട് പേരുടേയും നില ഗുരുതരമാണ്. സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ഗുരുതരമാണ്. കണ്ണൂർ മിംസിൽ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്ക്കാണ് അപകടത്തില് പൊള്ളലേറ്റത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള് ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു.
Story Highlights: Kasaragod firecracker explosion leaves 154 injured, 8 in serious condition