കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാസർഗോഡ് ജില്ലാ കളക്ടർ ഇമ്പശേഖർ പറഞ്ഞതനുസരിച്ച്, പടക്കങ്ങൾ അനുമതിയില്ലാതെയാണ് സൂക്ഷിച്ചത്. നിയമപ്രകാരം 100 മീറ്റർ അകലം പാലിക്കേണ്ടിയിരുന്നെങ്കിലും രണ്ടോ മൂന്നോ അടി അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കളക്ടർ അറിയിച്ചു.
അപകടത്തിൽ 154 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 97 പേർ ചികിത്സയിലാണ്. എട്ടുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മറ്റു നാലുപേരെയും പരിയാരത്തേക്ക് മാറ്റിയിട്ടുണ്ട്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് രാത്രി 12 മണിയോടെ അപകടം സംഭവിച്ചത്. പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുന്നുണ്ട്.
Story Highlights: Firecrackers burst during temple festival in Nileswaram, injuring 154 people