ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകനായ പാങ്ങപ്പാറ്റ സ്വദേശി രാജേദ്രൻ (65)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ 12 വർഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്നും, അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതി അയൽവാസി കൂടിയായിരുന്നു.
2023 മെയ് മാസം മുതൽ ജൂൺ 25 വരെ പ്രതി കുട്ടിയുടെ വീട്ടിൽ ചിത്രകല പഠിപ്പിക്കാൻ വന്നിരുന്നു. ഈ കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുകയും നെഞ്ചിൽ നുള്ളുകയും ചെയ്തു. ജൂൺ 25-ന് മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നു. പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ച് പുറത്ത് പറഞ്ഞില്ല.
ഒടുവിൽ സഹികെട്ട് കുട്ടി പീഡന വിവരം അമ്മയോട് വെളിപ്പെടുത്തി. തുടർന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിനെ വിവരം അറിയിച്ചു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. കെ. ശശികുമാർ, ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Story Highlights: Art teacher sentenced to 12 years rigorous imprisonment for sexually abusing 6th-grade student in Thiruvananthapuram