മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഉള്ളിയുടെ വില കുത്തനെ ഉയരുകയാണ്. കനത്ത മഴയിൽ ഉള്ളികൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ വൈകിയിരിക്കുന്നു. ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ചതോടെയാണ് വില ഉയരുന്നത്.
രാജ്യത്തെ ചില്ലറ വിപണിയിൽ ഇപ്പോൾ കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ് സവാളയുടെ വില. മഹാരാഷ്ട്രയിലെ ലാസൽഗാവിൽ ഒരു മാസത്തിലധികമായി കിലോയ്ക്ക് 45-50 രൂപയായിരുന്നു മൊത്തവില. ഖാരിഫ് ഉള്ളിയുടെ വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കനത്ത മഴ പ്രശ്നം സൃഷ്ട്ടിച്ചത്. രണ്ടോ മൂന്നോ ആഴ്ചകൂടി ഇതേ രീതിയിൽ തന്നെ വില തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.
ദീപാവലി സീസണായതിനാൽ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബഫർ സ്റ്റോക്കിൽ നിന്ന് സവാളയുടെ ചില്ലറ വിൽപ്പന ആരംഭിക്കുകയും, ഗതാഗതചിലവ് കുറച്ചുകൊണ്ട് ഉത്തരേന്ത്യയിലേക്ക് ഉള്ളി എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ട്രെയിൻ സർവീസും ആരംഭിച്ചിട്ടുണ്ട്. ഇത്തരം നടപടികളിലൂടെ വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.
Story Highlights: Heavy rains in major onion-producing states lead to price surge, government takes measures to control inflation