കണ്ണൂര് അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീന് ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന് ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള് സഹപ്രവര്ത്തകര് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് ദിവ്യ ഈ ആരോപണം ഉന്നയിച്ചത്. എന്നാല് ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് റിപ്പോര്ട്ട്.
ഒരു പെട്രോള് പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന് ബാബു അഴിമതി നടത്തിയെന്നായിരുന്നു പി പി ദിവ്യയുടെ പരോക്ഷ സൂചന. നവീന് ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കോണ്ഗ്രസ് പ്രതികരിച്ചു, വ്യക്തമായ തെളിവുകളില്ലാതെ പൊതുവേദിയില് ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന് അര്ഹതയില്ലെന്ന് അവര് വിമര്ശിച്ചു.
കണ്ണൂര് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് നവീന് ബാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില് പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും പ്രതികരിച്ചു. മറ്റ് കാര്യങ്ങളില് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഉദ്യോഗസ്ഥര് മാത്രം പങ്കെടുത്ത യോഗത്തിലേക്ക് ക്ഷണിക്കാതെ പി പി ദിവ്യ എത്തിയത് ആരോപണം ഉന്നയിക്കാനുള്ള പദ്ധതിയോടെയാണെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്.
Story Highlights: Kannur ADM Naveen Babu found dead at home after corruption allegations