നടിയുടെ ബലാത്സംഗ പരാതിയിൽ പ്രതിയായ നടൻ സിദ്ദിഖ് ആരോപണങ്ങൾ നിഷേധിച്ചു. 2014 മുതൽ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന പരാതിക്കാരിയായ നടിയുടെ ആരോപണം സിദ്ദിഖ് തള്ളി. നടിയെ ഇതുവരെ ഫോണിൽ വിളിച്ചിട്ടില്ലെന്നും 2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനാലാണ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതെന്നും സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ കോടതി വഴി നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖ് ഡിജിറ്റൽ തെളിവുകൾ കൈമാറിയില്ലെന്നും ചില ബാങ്ക് രേഖകൾ മാത്രമാണ് കൈമാറിയതെന്നും അന്വേഷണസംഘം പറയുന്നു. ഒന്നോ രണ്ടോ വരിയിൽ മാത്രമാണ് സിദ്ദിഖ് മറുപടി പറയുന്നതെന്നും ഇങ്ങനെ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.
സിദ്ദിഖിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. ഇന്ന് ഒന്നര മണിക്കൂർ മാത്രമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യുന്നില്ലെന്നും ഇനി കോടതിയിൽ കാണാമെന്നുമാണ് പൊലീസിന്റെ നിലപാട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
Story Highlights: Actor Siddique denies rape allegations, investigation team to move to court due to lack of cooperation