ഗുജറാത്തിലെ രാജ്കോട്ടില് നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 8000 കിലോഗ്രാം സവാള മോഷ്ടിച്ച സംഭവത്തില് മൂന്ന് പേര് പിടിയിലായി. വാങ്കനീര് സിറ്റി പൊലീസാണ് പ്രതികളെ പിടികൂടിയത്. കര്ഷകനായ സാബിര്ഹുസൈന് ഷെര്സിയ (33), വ്യാപാരി ജാബിര് ബാദി (30), ഡ്രൈവറും കര്ഷകനുമായ നസ്റുദ്ദീന് ബാദി (45) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില് നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലയുള്ള 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ട്രക്കും പൊലീസ് കണ്ടുകെട്ടി.
മോഷ്ടിച്ച സവാളയുടെ ഒരു ഭാഗം വില്ക്കാനായി വാങ്കനീര് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പ്രതികള് പിടിയിലായത്. രഹസ്യവിവരത്തെ തുടര്ന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര് കുടുങ്ങിയത്. ചോദ്യം ചെയ്യലില് സവാള മോഷ്ടിച്ചതായും തുടര്ന്ന് വിറ്റതായും പ്രതികള് സമ്മതിച്ചു. ഇമ്രാന് ഭോരാനിയ എന്ന കര്ഷകന് മറ്റൊരാളില് നിന്ന് വാടകയ്ക്കെടുത്ത് തന്റെ ഗോഡൗണില് സൂക്ഷിച്ചിരുന്ന സവാളയാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം സവാള വില്ക്കാനായി ഗോഡൗണ് തുറന്നപ്പോഴാണ് സവാള നഷ്ടമായ കാര്യം ഇമ്രാന് മനസ്സിലാക്കിയത്. തുടര്ന്ന് അദ്ദേഹം പൊലീസില് പരാതി നല്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് മോഷ്ടാക്കള് പിടിയിലായത്. സവാള മോഷണം ഗുജറാത്തിലെ രാജ്കോട്ടില് വലിയ ചര്ച്ചയായിരിക്കുകയാണ്.
Story Highlights: Three arrested for stealing 8000 kg of onions worth Rs 3 lakh in Rajkot, Gujarat