നരേന്ദ്ര മോദിയുടെ പ്രഭാവവും കഴിഞ്ഞ പത്ത് വർഷത്തെ വികസന പ്രവർത്തനങ്ങളും പുരോഗതിയുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ വ്യക്തമാക്കി. സർവീസ് കാലത്ത് ഒരിക്കൽ പോലും ആർഎസ്എസ്-ബിജെപി നേതാക്കളുമായി ചർച്ച നടന്നിട്ടില്ലെന്നും അവർ പറഞ്ഞു. പാർട്ടിയിൽ ചേരാമോ എന്ന ചോദ്യത്തിന് ആശയപരമായി ചേരാമെന്ന് തീരുമാനിച്ചതായും, സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ എന്നത് ഭാവിയിൽ ആലോചിച്ച് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ ആലോചന തുടങ്ങിയിട്ടെന്നും, ഒരു വലിയ തീരുമാനമെടുക്കാൻ ഒരു നിമിഷം മതിയെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. ശബരിമല വിഷയമൊന്നും മനസിലില്ലെന്നും, മുന്നോട്ടുള്ള പ്രതീക്ഷ ഇപ്പോൾ വിവരിക്കാൻ നിർവാഹമില്ലെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും അവർ വ്യക്തമാക്കി.
നവരാത്രി കാലത്ത് ഒരു ധീരവനിതയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചത് അഭിമാനമായി കരുതുന്നുവെന്ന് അംഗത്വം നൽകിക്കൊണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപിയുടെ ഉജ്വല വിജയ സാഹചര്യത്തിലാണ് ശ്രീലേഖ പാർട്ടിയിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി രാജ്യത്തുണ്ടാക്കിയിട്ടുള്ള അത്ഭുതകരമായ മാറ്റങ്ങളിൽ വളരെയധികം താത്പര്യമുള്ളതുകൊണ്ടാണ് അവർ ബിജെപിയിലെത്തിയതെന്ന് തന്നോടും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
Story Highlights: Former DGP R Sreelekha joins BJP, cites Modi’s influence and development as reasons