പാക്കിസ്ഥാനിലെ ഖൈർപുരിൽ ഞെട്ടിക്കുന്ന കൊലപാതകം നടന്നു. കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കില്ലെന്ന് കുടുംബം പറഞ്ഞതോടെ മാതാപിതാക്കൾ ഉൾപ്പടെ പതിമൂന്ന് പേരെ യുവതി വിഷം നൽകി കൊലപ്പെടുത്തി. കൊലപാതകത്തിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്സ്ത ബ്രോഹി, കാമുകൻ അമീർ ബക്ഷി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ എല്ലാവരും മരിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഭക്ഷണത്തിൽ വിഷം കലർന്നതാണ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അസ്വാഭാവികത തോന്നിയ പൊലീസ് ഷെയ്സ്തയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിൽ വിഷം കലർത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകി. വിഷം കൈമാറിയത് കാമുകൻ ആണെന്നും തങ്ങളുടെ വിവാഹം നടത്തി തരാൻ വിസമ്മതിച്ചതാണ് കൊലപാതക കാരണമെന്നും ഇവർ പോലീസിനോട് പറഞ്ഞു. തുടർന്ന് കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.
Story Highlights: Woman poisons 13 family members in Pakistan over marriage refusal