എറണാകുളം എടയാർ സംസ്കരണ കേന്ദ്രത്തിലെ പൊട്ടിത്തെറിയിൽ കമ്പനി നിയമവിരുദ്ധമായി ബോയിലർ പ്രവർത്തിപ്പിച്ചതായി ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പ് ഡയറക്ടർ പി പ്രമോദ് വെളിപ്പെടുത്തി. ലൈസൻസ് ഇല്ലാതെയും പ്രത്യേക പരിശീലനം ലഭിച്ചവരല്ലാതെയുമാണ് ബോയിലർ പ്രവർത്തിപ്പിച്ചത്. സംഭവ സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ എത്തി ഉടൻ നടപടി സ്വീകരിക്കുമെന്നും കമ്പനി നിരോധിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെ ബിനാനിപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഫോർമ്മൽ ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. മൃഗ കൊഴുപ്പ് സംസ്കരണ ശാലയായി പ്രവർത്തിക്കുന്ന പ്ലാൻ്റിൽ ബോയിലറിലുണ്ടായ മർദ്ധ വ്യത്യാസമാണ് അപകടകാരണം. അപകടത്തിൽ ഒഡീഷ സ്വദേശിയായ അജയ് വിക്രമന് എന്നയാൾ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കമ്പനിയിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. അപകട സമയത്ത് നാല് തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്.
Story Highlights: Edayar industrial sector explosion; Boiler operated without license and proper training