വ്യാജ ഡോക്ടർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ആവശ്യപ്പെട്ടു. കേരളത്തിൽ 33 മെഡിക്കൽ കോളജുകളുണ്ടെങ്കിലും, വ്യാജന്മാരെയും മുറി വൈദ്യന്മാരെയും വെച്ച് ചികിത്സ നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് IMA വ്യക്തമാക്കി. വർഷം ഏഴായിരത്തിലധികം എം.ബി.ബി.എസ്. ബിരുദധാരികൾ പഠിച്ചിറങ്ങുന്നുണ്ടെന്നും, ഇതിൽ വിദേശ സർവകലാശാലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഡോക്ടർമാർ അവരുടെ ബോർഡുകൾ, കുറിപ്പടികൾ, സീലുകൾ എന്നിവയിൽ അംഗീകൃത ബിരുദങ്ങളും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പറും ഉൾപ്പെടുത്താൻ ബാധ്യസ്ഥരാണെന്ന് IMA വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ജോലിക്ക് നിയോഗിക്കുമ്പോൾ അവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കൗൺസിൽ രജിസ്ട്രേഷൻ, മുൻകാല പരിചയം എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റുകളുടെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു.
വിദേശ സർവകലാശാലകളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ മതിയായ രജിസ്ട്രേഷൻ ഇല്ലാതെ പരിശീലനം നൽകുന്നതും, പാരാ മെഡിക്കൽ ബിരുദദാരികൾക്ക് ആശുപത്രികളിൽ രോഗികളുടെ പരിചരണത്തിന് ചുമതല നൽകുന്നതും കണ്ടെത്തി നടപടിയെടുക്കണമെന്ന് IMA ആവശ്യപ്പെട്ടു. കേരള മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ഡോക്ടർമാരുടെയും കുറ്റമറ്റ പട്ടിക പ്രസിദ്ധീകരിക്കണമെന്നും, മെഡിക്കൽ കൗൺസിൽ വെബ് സൈറ്റിൽ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അതിന്റെ വിശ്വാസ്യത പരിശോധിക്കാൻ സാധ്യമായ സംവിധാനം നിലവിൽ വരണമെന്നും IMA സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ ആവശ്യപ്പെട്ടു.
Story Highlights: IMA calls for strict action against fake doctors in Kerala, demands verification of qualifications and registration