ഇടുക്കി കട്ടപ്പന കുന്തളംപാറയിൽ 65 വയസ്സുള്ള അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അയൽവാസിയായ മണി എന്ന പ്രതിക്കാണ് ഇടുക്കി അഡീഷണൽ കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി 23 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും. 2020 ജൂൺ രണ്ടിന് രാത്രി 8:30-നാണ് കട്ടപ്പന കുന്തളം പാറ പ്രിയദർശിനി കോളനിയിലെ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണി കൊല്ലപ്പെട്ടത്.
പീഡനവും മോഷണവുമായിരുന്നു പ്രതിയുടെ ലക്ഷ്യം. സമീപത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മണി രാത്രിയിൽ അമ്മിണിയുടെ വീട്ടിലെത്തി കടന്നുപിടിച്ചു. കുതറി മാറാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി. അമ്മിണി വീണ്ടും പ്രതിരോധിച്ചതോടെ കത്തികൊണ്ട് കഴുത്തിൽ കുത്തി.
മണിയുടെ ദേഹത്തേക്കും രക്തം വീണതോടെ തിരിച്ചു വീട്ടിലേക്ക് പോയി. വസ്ത്രം മാറി തിരിച്ചെത്തിയപ്പോഴേക്കും അമ്മിണി മരണപ്പെട്ടിരുന്നു. രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും റോഡരികിൽ ഇട്ട് കത്തിച്ചു. മൊബൈൽ ഫോണിന്റെ ബാറ്ററി ഊരി മാറ്റി.
അടുത്ത ദിവസം മുതൽ ഒന്നും സംഭവിക്കാത്ത രീതിയിൽ പ്രതി ജോലിക്ക് പോയി തുടങ്ങി. ജൂൺ ആറിന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ പ്രതി സമീപത്തെ മറ്റൊരു വീട്ടിൽ നിന്നും തൂമ്പ വാങ്ങി കുഴിയെടുത്തു. ഏഴാം തീയതി രാത്രി അമ്മിണിയുടെ മൃതദേഹം വലിച്ച് കുഴിക്കുള്ളിൽ ഇട്ട് മൂടി. പിന്നീട് പുറ്റടിയിലെത്തി പച്ചക്കറി വാഹനത്തിൽ തമിഴ്നാട്ടിലേക്ക് കടന്നു.
പൊലീസ് അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുകയും തെളിവുകൾ സഹിതം കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.
Story Highlights: Elderly woman murdered and buried in Idukki; accused sentenced to life imprisonment