കോഴിക്കോട് ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ അബൂ എബ്രഹാം ലൂക്കിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എംബിബിഎസ് പാസാകാത്ത പ്രതി നാലര വർഷമായി ആശുപത്രിയിൽ ആർഎംഒയായി ജോലി ചെയ്യുകയായിരുന്നു. പ്രതി ചികിത്സിച്ച രോഗി മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായത്.
ഇക്കഴിഞ്ഞ 23 നാണ് ഫറോക്ക് കോട്ടക്കടവ് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. കൃത്യമായ ചികിത്സ ലഭ്യമായില്ല എന്ന പരാതിയിൽ മകൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ചത് വ്യാജ ഡോക്ടർ അബു അബ്രഹാം ലൂക്ക് ആണെന്ന് വ്യക്തമായത്. നിലവിൽ വഞ്ചന, ആൾമാറാട്ടം വകുപ്പുകളും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്കും ആശുപത്രിയ്ക്കുമെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഈ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്, ആരോഗ്യ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
Story Highlights: Fake doctor Abu Abraham Luke arrested in Kozhikode for impersonating as RMO at TMH Hospital for 4.5 years