തിരുപ്പതി ജില്ലയിൽ പൊലീസ് പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കാണ് ഈ നിയന്ത്രണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച ജഗൻ മോഹൻ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ജഗൻ പ്രത്യേക അനുമതി വാങ്ങിച്ച് മാത്രമേ ദർശനം നടത്താവൂ എന്നാണ് ബിജെപിയുടെ നിലപാട്. അതേസമയം, തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദങ്ങൾ തള്ളി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി രംഗത്തെത്തി.
തന്റെ സർക്കാരിന് കീഴിൽ നിയമലംഘനങ്ങൾ നടന്നിട്ടില്ലെന്നും, ക്ഷേത്രത്തിനെതിരെ പ്രവർത്തിച്ചുവെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു. ദൈവത്തിന്റെ പേരിൽ ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ജഗൻ, ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യ് എൻഎബിഎൽ സർട്ടിഫൈഡ് കമ്പനികളിൽ നിന്നാണ് വാങ്ങിയതെന്നും, വാങ്ങിയ ശേഷവും അവ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസിനും കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Tirupati district imposes restrictions on public gatherings and processions amid Laddu controversy