കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ മാതാവ് സുരഭി, മകളുടെ മുൻ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. എല്ലാ സംഭവങ്ങൾക്കും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണെന്നും, അജ്മൽ എന്ന ക്രിമിനലുമായി ചേർന്ന് മകളെ കുടുക്കിയതാണെന്നും സുരഭി ആരോപിച്ചു. അഭീഷ് രാജുമായുള്ള വിവാഹം ഇതുവരെയും വേർപെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ശ്രീക്കുട്ടി ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും മാതാവ് പറയുന്നു. സംഭവദിവസം ജ്യൂസിൽ മദ്യം ചേർത്ത് നൽകിയതായിരിക്കുമെന്നും സത്യം പോലീസ് കണ്ടെത്തട്ടെയെന്നും സുരഭി ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ, താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ടെന്നായിരുന്നു ശ്രീക്കുട്ടി പൊലീസിന് നൽകിയ മൊഴി. പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.
നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും. റിമാൻഡ് റിപ്പോർട്ടിൽ, ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയതായി പറയുന്നു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ വകുപ്പിന് പോലീസ് ഉടൻ കൈമാറുമെന്നും അറിയുന്നു.
Story Highlights: Mynagappally accident case: Accused Sreekutty’s mother alleges ex-husband’s involvement