കൊല്ലം ഹിറ്റ് ആന്‍ഡ് റണ്‍ കേസ്: മദ്യലഹരിയില്‍ വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

Anjana

Kollam hit-and-run case

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ നടന്ന ഗുരുതരമായ വാഹനാപകടത്തില്‍ പ്രതിയായ അജ്മല്‍ പിടിയിലായി. കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ മരിച്ച സംഭവത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മനപൂര്‍വ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടര്‍ വെഹിക്കല്‍ ആക്ട് പ്രകാരവുമാണ് കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജ്മലെന്ന് പൊലീസ് വ്യക്തമാക്കി.

അപകടത്തില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറും കാറില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മല്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടറുടെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായി.

Story Highlights: Kollam hit-and-run case: Non-bailable offence against driver Ajmal for fatal accident involving drunk driving and fleeing the scene

Leave a Comment