കേരള പോലീസിന്റെ അർപ്പണബോധത്തിന് മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്ര പോലീസിന്റെ സാഹസിക ദൗത്യം. പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെ 5778 കിലോമീറ്റർ സഞ്ചരിച്ച് പിടികൂടിയ സംഭവം കേരള പോലീസിന്റെ അഭിമാനം ഉയർത്തിയിരിക്കുന്നു. അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെയാണ് പഞ്ചാബിലെ പട്യാലയിൽ നിന്ന് പിടികൂടിയത്.
2024 ഓഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷൻ സെൻ്ററിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ജീപ്പിൽ വച്ച് കടന്നുപിടിക്കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നെന്ന് മനസിലാക്കിയ പ്രതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയി. എന്നാൽ പൊലീസ് അവിടെ എത്തിയപ്പോൾ പ്രതി ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങിയിരുന്നു.
ഒടുവിൽ പാട്യാലയ്ക്കടുത്ത് സമാന എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാത്രിയും പകലുമായി അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഈ ഫാക്ടറിയിൽ നിന്ന് സാഹസികമായ ദൗത്യത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പാട്യാല ലോക്കൽ പൊലീസിൻ്റെ സഹായമില്ലാതെ കേരള പൊലീസ് തന്നെയാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
Story Highlights: Kerala Police travel 5778 km to arrest POCSO case accused who fled to Punjab