ഉത്തര്പ്രദേശിലെ കസ്ഗഞ്ചില് അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില് മൂന്ന് അഭിഭാഷകരടക്കം ആറുപേര് അറസ്റ്റിലായി. സെപ്റ്റംബര് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകയായ മോഹിനി തോമറി(40)നെ കൊലപ്പെടുത്തി മൃതദേഹം കനാലില് തള്ളിയ കേസിലാണ് അറസ്റ്റ്.
അഭിഭാഷകനായ മുസ്തഫ കാമില്(60), അദ്ദേഹത്തിന്റെ മക്കളായ അസദ് മുസ്തഫ(25), ഹൈദര് മുസ്തഫ(27), സല്മാന് മുസ്തഫ(26) എന്നിവരും അഭിഭാഷകരായ മുനാജിര് റാഫി(45), കേശവ് മിശ്ര(46) എന്നിവരുമാണ് അറസ്റ്റിലായത്. മുനാജിര് റാഫിയും കേശവ് മിശ്രയും മുസ്തഫയുടെ കൂട്ടാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മോഹിനിയുടെ ഭര്ത്താവിന്റെ പരാതിയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയില് ജാമ്യാപേക്ഷയെ എതിര്ത്തതിന്റെ പേരില് പ്രതികള് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭര്ത്താവ് മൊഴി നല്കി. മുസ്തഫ കാമിലിന്റെ മക്കള് പ്രതികളായ കേസില് മോഹിനി ഇവരുടെ ജാമ്യാപേക്ഷയെ എതിര്ത്തിരുന്നു. ഇതാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പരാതിയില് പറയുന്നത്.
Story Highlights: Six arrested, including three lawyers, for kidnapping and murdering a female lawyer in Kasganj, Uttar Pradesh