ഉത്തരകൊറിയയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. പ്രകൃതി ദുരന്തം മൂലം ഉത്തര കൊറിയയിൽ ആയിരത്തോളം പേർ മരണപ്പെട്ടിരുന്നു. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളും സംഭവിച്ചു.
പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങൾ ഉൾപ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും കിം ജോങ് ഉൻ വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, 2019 മുതൽ ചാഗാംഗ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കാങ് ബോങ്ഹൂണും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ജൂലൈയിൽ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങൾ കിം ജോങ് ഉൻ നേരിട്ട് സന്ദർശിക്കുകയും ചെയ്തു. എന്നിരുന്നാലും, വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾ മരിച്ചുവെന്ന റിപ്പോർട്ടുകൾ കിം നിഷേധിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാൻ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂർവമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
Story Highlights: North Korean leader Kim Jong Un orders execution of 30 officials for failing to control flood deaths