ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. ബോകിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക് സോണിൽ നിന്നാണ് ഇന്ത്യൻ എംബസി അധികൃതർ ഇവരെ രക്ഷിച്ചത്. രക്ഷിക്കപ്പെട്ടവരിൽ 18 പേർ നേരിട്ട് എംബസിയിൽ സഹായം അഭ്യർത്ഥിച്ചെത്തിയവരും, 29 പേർ ലാവോസ് സർക്കാർ ജീവനക്കാർ രക്ഷിച്ച് എംബസിയിലെത്തിച്ചവരുമാണ്.
ഇതിൽ 30 പേരെ ഇതിനോടകം തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു കഴിഞ്ഞു. ബാക്കിയുള്ള 17 പേരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വിയൻ്റീനിലെ ഇന്ത്യൻ എംബസി അധികൃതർ 635 ഇന്ത്യാക്കാരെ ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ലാവോസിലെ അധികൃതരുമായി ചർച്ച ചെയ്തിരുന്നു.
ലാവോസിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ഇന്ത്യൻ ഏജൻസികൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി എൻഐഎ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിക്രൂട്മെൻ്റ് ഏജൻസികളിൽ പരിശോധന നടത്തി. ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലാവോസിലേക്ക് റിക്രൂട്മെൻ്റ് നടത്തുന്ന സംഘങ്ങളുടെ കേന്ദ്രങ്ങളിലും പരിശോധന നടന്നിട്ടുണ്ട്.
Story Highlights: 47 Indian nationals rescued from cyber scam centers in Laos