അഞ്ച് മലയാളികൾ ഉൾപ്പെടെ മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട 44 ഇന്ത്യക്കാരുടെ മോചനത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഇടപെട്ടു. ഇവരെ രക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. മ്യാൻമറിലെ ഡോങ്മെയ് പാർക്കിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ അകപ്പെട്ടവരുടെ ബന്ധുക്കൾ അവരുടെ ദുരിത ജീവിതത്തെക്കുറിച്ച് ആശങ്കയിലാണ്. എത്രയും പെട്ടെന്ന് ഇവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യിൽ അകപ്പെട്ട കാസർഗോഡ് പടന്ന സ്വദേശിയായ മഷൂദ് അലിയെന്ന വ്യക്തി പത്തു ദിവസം മുൻപ് ഇതുസംബന്ധിച്ച പരാതി ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. മ്യാൻമറിൽ തട്ടിപ്പിനിരയായ ഇന്ത്യക്കാർ അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സത്വര നടപടി ഉണ്ടായില്ലെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകുമെന്നും കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി.
യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പാക്കിംഗ് സെക്ഷനിലേക്ക് ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ വിദേശത്തേക്ക് കടത്തുന്നത്. വിദേശത്തേക്ക് പോകാൻ താല്പര്യമുള്ളവരെ കണ്ടെത്തി അവരിലൂടെ മറ്റുള്ളവരെയും റിക്രൂട്ട് ചെയ്യുന്നതാണ് ഇവരുടെ രീതി. രണ്ടുമാസത്തെ വിസയും ടിക്കറ്റുമെടുത്ത് നൽകി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച ശേഷം ബാങ്കോക്കിൽ കുറച്ചുനാൾ ജോലി ചെയ്ത് പ്രവർത്തനം മെച്ചപ്പെടുത്തുമ്പോൾ യുകെയിലേക്ക് ജോലി മാറ്റം നൽകുമെന്നാണ് തട്ടിപ്പ് സംഘം ഇവരെ അറിയിക്കുന്നത്. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ പലരിൽ നിന്നും തട്ടിപ്പ് സംഘം വാങ്ങിയിട്ടുണ്ട്.
ഇരകളായവരിൽ നിന്നും ഫോൺ, പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും മറ്റു വസ്തുക്കളും തട്ടിപ്പ് സംഘം കൈക്കലാക്കും. തട്ടിപ്പ് സംഘത്തെ എതിർക്കാനോ ചോദ്യം ചെയ്യാനോ ശ്രമിച്ചാൽ ക്രൂരമായ മർദ്ദനമാണ് നൽകുന്നത്. ഇതുമൂലം അവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
അതേസമയം, വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെയും ഭാഗത്തുനിന്നും നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. മ്യാൻമറിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് റിക്രൂട്ട് ചെയ്യുന്ന ഈ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് എന്ന് മഷൂദ് അലി വെളിപ്പെടുത്തി.
മഷൂദ് അലിയെപ്പോലെ തട്ടിപ്പിനിരയായി മ്യാൻമറിലെത്തിയ കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല. ജിഷ്ണുവും തട്ടിപ്പ് സംഘവുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നും അതിനുശേഷമാണ് ജിഷ്ണുവിനെ കാണാതായതെന്നും മഷൂദ് അലി പറയുന്നു. മഷൂദ് അലിയ്ക്കൊപ്പം മുറി പങ്കിട്ട വ്യക്തിയാണ് ജിഷ്ണു.
Story Highlights: മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ ഇന്ത്യക്കാരെ രക്ഷിക്കാൻ കെ.സി. വേണുഗോപാൽ ഇടപെടുന്നു.