ഗുസ്തി താരം വിനേഷ് ഫോഗാട്ട് കർഷക സമരത്തിന്റെ വേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിലെ സമരവേദിയിലാണ് വിനേഷ് എത്തിയത്. കർഷക സമരം ഇരുന്നൂറ് ദിവസം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത അവർ കർഷകരുടെ പോരാട്ട വീര്യത്തെ പ്രശംസിച്ചു.
‘ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ അവകാശങ്ങൾക്കായി നമ്മൾ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അവകാശങ്ങൾ എടുക്കാതെ മടങ്ങിവരരുതെന്നും ഞാൻ പ്രാർത്ഥിക്കുന്നു,’ വിനേഷ് പറഞ്ഞു. കർഷകർ ഇല്ലെങ്കിൽ ആരും ഉണ്ടാകില്ലെന്ന് ഓർക്കണമെന്നും, കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ബ്രിജ് ഭൂഷണ് ശരൺ സിംഗിന് എതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന് കർഷകർ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കർഷകരെ പിന്തുണയ്ക്കുന്നതിലാണ് തൻ്റെ പ്രാഥമിക ശ്രദ്ധയെന്ന് വിനേഷ് ആവർത്തിച്ചു. പ്രതിഷേധം സമാധാനപരമായും എന്നാൽ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കേന്ദ്രം അവരുടെ ദൃഢനിശ്ചയം പരീക്ഷിക്കുകയാണെന്നും അവരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Wrestler Vinesh Phogat joins farmers’ protest at Shambhu border, expresses solidarity with their demands