കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. അസം സ്വദേശിയായ ഈ പെൺകുട്ടിയെ സിഡബ്ല്യുസി കേരളാ പൊലീസിന് കൈമാറി. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലംഗ സംഘമാണ് പെൺകുട്ടിയെ ഏറ്റുവാങ്ങാൻ സിഡബ്ല്യുസി കേന്ദ്രത്തിലെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയുമായി സംഘം കേരളത്തിൽ എത്തുമെന്നും, തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയെ ഹാജരാക്കുമെന്നും അറിയുന്നു.
കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ രേഖകൾ അടക്കമുള്ള മറ്റ് നടപടിക്രമങ്ങൾ ഇന്നലെ തന്നെ പൊലീസ് പൂർത്തിയാക്കിയിരുന്നു. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്.
താംബരം എക്സ്പ്രസ് ട്രെയിനിലെ ബെർത്തിൽ ഉറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കേരള പൊലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: 13-year-old girl from Kazhakoottam found in Visakhapatnam, handed over to Kerala Police