കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നാളെ രാവിലെ 6 മണി മുതൽ 24 മണിക്കൂർ നീളുന്ന സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപി വിഭാഗം ബഹിഷ്കരിച്ചുകൊണ്ടാകും ഡോക്ടർമാരുടെ പ്രതിഷേധം. എന്നാൽ അത്യാഹിത-അടിയന്തര വിഭാഗങ്ങളുടെ പ്രവർത്തനത്തിന് മാറ്റമുണ്ടാകില്ല.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ നടക്കും. അതേസമയം, ബിജെപിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും കേസിൽ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന ആരോപണമാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ഇന്നലെ രാത്രി വൈകിയും സ്ത്രീകൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ വലിയ സംഘം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ഡൽഹിയിൽ നിന്നുള്ള പ്രത്യേക സിബിഐ സംഘമാണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ഫോറൻസിക്-മെഡിക്കൽ വിദഗ്ധർ അടക്കമുള്ള സംഘം കേസ് ഡയറി പഠിച്ച ശേഷം, ആശുപത്രിയിൽ എത്തി പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ ഫോറൻസിക് സംഘത്തോടൊപ്പം സിബിഐ തെളിവെടുപ്പും നടത്തിയിട്ടുണ്ട്.
Story Highlights: IMA announces nationwide 24-hour medical service halt from 6 am Saturday in protest of Kolkata doctor’s murder