വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു നാട് മുഴുവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചിലർ ഇത് മുതലെടുത്ത് കവർച്ചയ്ക്കായി എത്തുന്നുവെന്ന് മേപ്പാടി പൊലീസ് മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തകരെന്ന വ്യാജേനയാണ് മോഷ്ടാക്കൾ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യശരീരങ്ങൾക്കായി നടത്തുന്ന തിരച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവും ലക്ഷ്യമിട്ടാണ് ഇവർ എത്തുന്നതെന്ന് പൊലീസ് പറയുന്നു. ഇതരസംസ്ഥാനക്കാരാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നു.
മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കർശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. ചൂരൽമലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു. എന്നാൽ മൊഴി കൊടുക്കാൻ ആരുമില്ലാത്തതിനാൽ പല കേസുകളിലും എഫ്ഐആറിടാൻ സാധിച്ചിരുന്നില്ല. പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടന്നു.
ചൂരൽമല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മുൻവശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നായിരുന്നു മോഷണം. ഇബ്രാഹിമിന്റെ വീട്ടിൽ നിന്നും തുച്ഛമായ തുകയാണ് മോഷണം പോയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടാളവും പോലീസും ഉൾപ്പടെ മുഴുവൻ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്നു.
Story Highlights: Meppadi Police warns of thieves exploiting Wayanad landslide disaster for robbery
Image Credit: twentyfournews