മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ഒരു യു.എസ് വനിതയെ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് ശനിയാഴ്ച വൈകിട്ട് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി, തുടർന്ന് കൂടുതൽ ചികിത്സക്കായി സിന്ധുദർഗി ഓറോസിലേക്ക് മാറ്റി.
സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് രേഖകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. യു.എസ് പാസ്പോർട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്ന് തമിഴ്നാട് സ്വദേശിയായ ഭർത്താവാണ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്തതിനാൽ അവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ പറ്റാത്ത സാഹചര്യമായതിനാൽ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ തേടുമെന്നും പൊലീസ് അറിയിച്ചു. അവരുടെ വിസയുടെ കാലാവധി കഴിഞ്ഞതാണ്. അവരുടെ പൗരത്വം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും ഫോറിനേഴ്സ് റീജ്യനൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: American woman found chained to tree in Maharashtra forest, husband suspected