വിയ്യൂർ ജയിലിലെ സംഘർഷം അടിച്ചമർത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരിക്കുകയാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാർ നടത്തിയ അക്രമത്തിന് തടയിട്ട അസിസ്റ്റൻറ് പ്രിസൺ ഓഫീസറെയാണ് എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഈ സ്ഥലം മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്.
മധ്യമേഖലയിൽ 90 ജയിൽ ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലാണ് ഈ സ്ഥലം മാറ്റം നടന്നത്. ഇതിൽ ജയിൽ വകുപ്പിൽ നിന്ന് രാജിവച്ച ഒരു ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട് എന്നത് വിചിത്രമായ നടപടിയാണ്.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനും പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ വിവാദമായ സ്ഥലം മാറ്റം നടന്നിരിക്കുന്നത്.