കോവിഡ് കേസുകൾ ഇപ്പോൾ ആശങ്കയ്ക്ക് വഴിവയ്ക്കുന്നില്ലെങ്കിലും, ഇപ്പോഴും ധാരാളം ആളുകൾക്ക് ഗുരുതരമായ രോഗബാധയുണ്ടാകുന്നു. പ്രാരംഭ അണുബാധയ്ക്ക് ശേഷം 12 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ലോംഗ് കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഒരു പ്രശ്നമായി നിലനിൽക്കുന്നു. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ട ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നവർ അവരുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനുള്ള വഴികൾ ഇപ്പോഴും തേടുന്നുണ്ട്. നടുവേദന, മുട്ടുവേദന, മുടികൊഴിച്ചിൽ, ശ്വാസതടസം എന്നിവ കോവിഡിന് ശേഷവും അനുഭവപ്പെടാം.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ഇത്തരം ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ഒരു വഴിയാണ്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, സിങ്ക്, കാൽസ്യം മുതലായവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കോവിഡിന് ശേഷം ഊർജ്ജ നില തിരികെ ലഭിക്കാൻ സഹായിക്കും. ശ്വാസതടസ്സം എന്നത് ലോംഗ് കൊവിഡുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ ഒന്നാണ്. ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ ലക്ഷണത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കും.
ശ്വാസം മുട്ടലിന് പരിഹാരമായി പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സൂപ്പ് തുടങ്ങിയ മൃദുവായ ഭക്ഷണങ്ങൾ കഴിക്കുക. ദിവസത്തിൽ നാലോ അഞ്ചോ തവണ ചെറിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞ ആപ്പിൾ, ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ വാൽനട്ട്, ബ്ലൂബെറി, ബ്രോക്കോളി തുടങ്ങിയവ കഴിക്കാം. ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി എന്നിവയും ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.