കോട്ടയത്ത് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കാർ മുങ്ങുന്നു

Anjana

കോട്ടയത്തെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരാൾ രക്ഷപ്പെടുന്നതായി പരാതി ഉയർന്നിരിക്കുന്നു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച വെള്ള നിറമുള്ള ഹോണ്ട സിറ്റി കാറിലാണ് ഈ വ്യക്തി എത്തുന്നത്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും ഇത്തരത്തിൽ ഇന്ധനം നിറച്ച് ഈ കാർ മുങ്ങിയിട്ടുണ്ടെന്ന് പമ്പ് ഉടമകൾ വ്യക്തമാക്കി.

വൈകുന്നേരങ്ങളിലാണ് ഈ അജ്ഞാത വ്യക്തി പമ്പുകളിൽ എത്തുന്നത്. സാധാരണയായി 4200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുകയും, തുടർന്ന് പണം നൽകുന്നതിന് ഗൂഗിൾ പേ ചോദിക്കുകയും ചെയ്യും. ജീവനക്കാർ പണമിടപാടിനായി തിരിയുമ്പോൾ കാർ എടുത്ത് സ്ഥലം വിടുകയാണ് പതിവ്. കഴിഞ്ഞ 13-ാം തീയതി ചങ്ങനാശേരിയിലെ മാപ്പള്ളിയിലെ അമ്പാടി പമ്പിലാണ് ഈ കാർ അവസാനമായി കണ്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചങ്ങനാശ്ശേരിയിലെ സംഭവം പമ്പുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് മറ്റ് സ്ഥലങ്ങളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. ആർടിഒ നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.