ടി.പി ചന്ദ്രശേഖരന് കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്ശ കത്ത് ചോര്ന്നതില് സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചു. ജയില് വകുപ്പും പൊലീസും ചേര്ന്ന് മാധ്യമങ്ങള്ക്ക് കത്ത് എങ്ങനെ ചോര്ന്നുവെന്ന് അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് ഉത്തരവില് പറയുന്നു.
ഹൈക്കോടതി വിധി മറികടന്ന് ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സജിത്ത് തുടങ്ങിയ പ്രതികള്ക്ക് ശിക്ഷയിളവ് നല്കാനുള്ള ശുപാര്ശയാണ് ചോര്ന്നത്. ഇതിനെ തുടര്ന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. സര്ക്കാരിന് നല്കിയ ശുപാര്ശ കത്ത് മാധ്യമങ്ങള്ക്ക് എങ്ങനെ ചോര്ന്നുവെന്നതാണ് പരിശോധിക്കുന്നത്.
ജയില് വകുപ്പ് അതീവ രഹസ്യമായി തയ്യാറാക്കി സര്ക്കാരിന് നല്കിയ പട്ടിക ചോര്ന്നതില് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയില് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള് ജയില് വകുപ്പ് ഡി.ഐ.ജിയും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള് കണ്ണൂര് ഡെപ്യൂട്ടി ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസും അന്വേഷിക്കും.