പെരുമ്പാവൂർ കൊലക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു

Anjana

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി കൊലക്കേസിൽ പ്രതിയായ അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ മാത്രമാണ് വധശിക്ഷ നിർത്തിവച്ചിരിക്കുന്നത്. വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഈ തീരുമാനം.

പ്രതിയുടെ മനശാസ്ത്ര-സ്വഭാവ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ ജയിലുമായി ബന്ധപ്പെട്ട് പ്രതിയുടെ സ്വഭാവ റിപ്പോർട്ടും തൃശൂരിലെ വിയൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് ജയിൽ സംബന്ധമായ റിപ്പോർട്ട് നൽകാനുള്ള ചുമതല. മനശാസ്ത്ര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. എട്ടാഴ്ചത്തെ ജയിലിലെ റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷമാകും സുപ്രീംകോടതി മറ്റ് നടപടികളിലേക്ക് കടക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2017 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിൽ ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ചത്.