കര്‍ക്കിടകം ഒന്ന്: രാമായണ മാസാചരണത്തിന് തുടക്കം

Anjana

ഇന്ന് കര്‍ക്കിടകം ഒന്നാം തീയതിയാണ്. മലയാളികള്‍ക്ക് വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും സംഗമമാണ് കര്‍ക്കടക മാസം. ഇന്നു മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. രാമായണശീലുകൾക്കൊപ്പം തോരാമഴയും ഈരടികളും നിറഞ്ഞ പ്രഭാതങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഹൈന്ദവ ഗൃഹങ്ങളില്‍ ദിവസവും രാമായണം വായിക്കും. മാസാവസാനത്തോടെ രാമായണം പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം.

സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണ് കര്‍ക്കടക മാസം. കള്ളക്കര്‍ക്കടകം, പഞ്ഞക്കര്‍ക്കടകം എന്നീ വിളിപ്പേരുകളും ഈ മാസത്തിനുണ്ട്. സ്ത്രീകൾ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടുന്ന പതിവുമുണ്ട്. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു പഴഞ്ചൊല്ലും നിലവിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും അനുയോജ്യമായ കാലമാണിത്. താളും തകരയും ഉൾപ്പെടെയുള്ള ഇലക്കറികളും ഔഷധക്കഞ്ഞിയും കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്ന പതിവുണ്ട്. രോഗപ്രതിരോധത്തിനായി മനസ്സിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കുന്ന കാലം കൂടിയാണിത്. ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. നാലമ്പലദർശനവും കർക്കടകമാസത്തിലെ പ്രത്യേകതയാണ്.