ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് (17) എന്ന വിദ്യാർത്ഥി പന്തയത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഗുരുതരമായി പൊള്ളലേറ്റ് മരണമടഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ ആന്റണിക്ക് വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് പൊള്ളലേറ്റത്.
85 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ആന്റണിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രി ഏഴരയോടെ മരണം സംഭവിച്ചു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ചാണ് ആന്റണി ട്രെയിനിന് മുകളിൽ കയറിയത്. സുഹൃത്തുക്കൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.
ആന്റണിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെയോടുകൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. എളമക്കര പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.