തിരുവനന്തപുരം തുമ്പയിലെ ബോംബേറ് സംഭവത്തിൽ അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. തുമ്പ സ്വദേശിയും ഗുണ്ടാസംഘത്തലവനുമായ സുനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുനി ഇപ്പോൾ വിദേശത്താണ്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ നെഹ്റു ജംഗ്ഷന് സമീപമാണ് ആക്രമണം നടന്നത്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഷെമീർ എന്ന സുഹൃത്തിനെ കാണാനെത്തിയവരായിരുന്നു ഇവർ. നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും ക്രിമിനൽ കേസിലെ പ്രതികളാണ്. അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.