അമരാവതി സെൻട്രൽ ജയിലിൽ ശനിയാഴ്ച രാത്രി 8.30ഓടെ സ്ഫോടനം നടന്നു. ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സംഭവം ഉണ്ടായത്. നാടൻ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അമരാവതി പൊലീസ് കമ്മീഷണർ നവിൻചന്ദ്ര റെഡ്ഡിയുടെ അറിയിപ്പ് പ്രകാരം, പ്ലാസ്റ്റിക് പന്തിൻ്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത്. രണ്ട് സ്ഫോടക വസ്തുക്കൾ ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയും രാത്രി വൈകി അതിലൊന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സ്ഫോടകവസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളെ കണ്ടെത്താൻ ഫോറൻസിക് സംഘവും അന്വേഷണം നടത്തുന്നുണ്ട്. ജയിലിനുള്ളിൽ ബോംബ് പോലുള്ള വസ്തു എറിഞ്ഞതിന് പിന്നിലെ സാഹചര്യം വ്യക്തമാക്കാൻ അധികൃതർ ശ്രമിക്കുന്നു.