കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുനിൽകുമാർ അറസ്റ്റിലായത്. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ ഇയാളുടെ കാർ കന്യാകുമാരി കുലശേഖരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ജൂൺ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി ഉടമയായ എസ്.ദീപുവിനെ കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ എന്ന അമ്പിളിക്ക് കൊലപാതകം നടത്താനുള്ള ആയുധങ്ങൾ നൽകിയത് സുനിലാണ്. സജികുമാറിന്റെ സുഹൃത്താണ് സുനിൽ. ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമാണെന്ന് കേസിലെ പ്രതി അമ്പിളി മൊഴി നൽകിയിരുന്നു. സുനിലാണ് ക്ലോറോഫോം നൽകിയതെന്നും മൊഴിയിൽ പറഞ്ഞു. ദീപുവിൽനിന്ന് കവർന്ന പണത്തിൽ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.