പത്തനംതിട്ടയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
“പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.- മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.
സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമാണ് കൊല്ലപ്പെട്ട പിബി സന്ദീപ് കുമാർ.വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ അകലെയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.കഴുത്തിലും നെഞ്ചിലും കുത്തേറ്റ് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Story highlight : CM with response on CPM local secretary hacked to death in Thiruvalla .