ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ‘ചുരുളി’ അടുത്തിടെയാണ് പ്രദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ ഐഎഫ്എഫ്കയില് മത്സരവിഭാഗത്തില് പ്രദര്ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് പ്രേക്ഷകരിലേക്കെത്തിയത്.
ഒരുവിഭാഗം പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തപ്പോള് ചുരുളിയിലെ സംഭാഷണങ്ങളില് അസഭ്യ പദങ്ങള് ഉപയോഗിച്ചതിന്റെ പേരില് വിമര്ശനവുമുണ്ടായി.
എന്നാലിപ്പോൾ ഒടിടിയില് കാണിക്കുന്ന സിനിമ സെൻസര് ചെയ്ത പതിപ്പല്ലെന്ന വിശദീകരണവുമായി സെൻസര് ബോര്ഡ് രംഗത്ത് എത്തിയിരിക്കുകയാണ്.
ഒടിടിയില് പ്രദർശിപ്പിക്കുന്ന ചുരുളി സെൻസര് ചെയ്ത പതിപ്പല്ല.ചുരുളിയെന്ന മലയാളം സിനിമയ്ക്ക് സിനിമാറ്റോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്ട്ടിഫിക്കേഷന് റൂള്സ് -1983, ഇന്ത്യാ ഗവണ്മെന്റിന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങള് എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്ന്നവര്ക്കുള്ള ‘എ’ സര്ട്ടിഫിക്കറ്റ് തന്നെയാണ് ലഭിച്ചിട്ടുള്ളത്.
2021 നവംബര് 18ആം തീയതിയാണ് സര്ട്ടിഫിക്കറ്റ് നമ്പര് DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്ന്നവര്ക്കുള്ള ‘എ’ സര്ട്ടിഫിക്കറ്റ് ചുരുളി എന്ന ചിത്രത്തിന് ലഭ്യമായത്.
സമൂഹ മാധ്യമങ്ങളിലും ചുരുളി സര്ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്ട്ടുകളും പ്രചരിക്കുന്നതായി പൊതുജനങ്ങളില് നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്സി റീജിയണല് ഓഫീസര് വ്യക്തമാക്കി.
എസ് ഹരീഷ് തിരക്കഥ ചെയ്തിരിക്കുന്ന ഈ ചിത്രം കാടിന്റെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്.
സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.വിനയ് ഫോർട്ട്, ജോജു ജോർജ്, ചെമ്പൻ വിനോദ്, എന്നിവരാണ് പ്രായപൂര്ത്തിയായവര്ക്ക് മാത്രം എന്ന അറിയിപ്പോടെ ഓടിടിയിൽ പ്രദര്ശനത്തിനെത്തിയ ചുരുളിയിലെ പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story highlight : Film ‘churuli’ shown in the OTT is not a censored version says Censor board.