മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ചു.പുലർച്ചെ മൂന്ന് മണി മുതൽ നിലക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്ക് നിയന്ത്രണങ്ങളോടെ കടത്തി വിടുന്നുണ്ട്.
അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ ഒഴുക്കായതിനാൽ പമ്പാ സ്നാനത്തിന് അനുമതി നൽകിയിട്ടില്ല.
വെർച്വൽ ക്യൂ വഴി ശബരിമലയിൽ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ്.
പരമ്പരാഗത പാത വഴി ഭക്തരെ ശബരിമലയിലേക്ക് കടത്തി വിടുന്നില്ല.മറിച്ച് സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാണ് ഭക്തർക്ക് പ്രവേശനം ഒരുക്കിയിരിക്കുന്നത്.
ദർശനത്തിന് എത്തുന്ന ഭക്തർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കൈയിൽ കരുതുക.
ഇന്നലെ വൈകിട്ടാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നത്.
ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കുകയും തുടർന്ന് ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേൽക്കുകയും ചെയ്തു.
Story highlight : Devotees enter Sabarimala for the Mandala Makaravilak pilgrimage.