ഡൽഹി◾: ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഈ വിഷയത്തിൽ വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വിമാന ടിക്കറ്റുകളുടെ അധിക നിരക്കിൽ വ്യോമയാന മന്ത്രാലയം ഇടപെടാൻ തീരുമാനിച്ചു.
വിമാന ടിക്കറ്റ് നിരക്കുകൾ വ്യോമയാന മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് മന്ത്രാലയം നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നതുവരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് പരമാവധി 7500 രൂപയാണ് ഈടാക്കാൻ കഴിയുക. 500-1000 കിലോമീറ്റർ ദൂരത്തിന് പരമാവധി 12000 രൂപയാണ് നിരക്ക്. 1000-1500 കിലോമീറ്റർ വരെ 15000 രൂപയാണ് പരമാവധി നിരക്ക്.
നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്പനികൾക്ക് തുക ഈടാക്കാൻ സാധിക്കുകയില്ല. അതേസമയം, ബിസിനസ്സ് ക്ലാസ്സ്, ഉഡാൻ സർവീസുകൾക്ക് ഈ പരിധി ബാധകമല്ല. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, റദ്ദാക്കിയ ടിക്കറ്റുകളുടെ റീഫണ്ട് തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇതിനിടെ ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചു വരുത്തി. വൈകുന്നേരം 6 മണിക്ക് ഹാജരാകാനാണ് നൽകിയിട്ടുള്ള നിർദേശം.
മാനദണ്ഡങ്ങളിൽ നിന്നും വ്യതിചലിച്ചാൽ ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചനയുണ്ട്.
Story Highlights : narendra modi intervenes in IndiGo crisis



















