കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്ഥാന് ഒരു ബില്യനിലധികം ഡോളറാണ് മറ്റു രാജ്യങ്ങളെല്ലാം സംഭാവന ചെയ്തത്. ഇതേതുടർന്ന് ലോകരാജ്യങ്ങൾക്കും, കൂടുതൽ സഹായം നൽകിയ അമേരിക്കയ്ക്കും താലിബാൻ നന്ദി പറഞ്ഞു.
പണം വിവേകപൂർവം ചിലവഴിക്കുമെന്നും ദാരിദ്ര്യവും പട്ടിണിയും മാറ്റാൻ ഉപയോഗിക്കുമെന്ന് താലിബാന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
ആകെ 1.2 ബില്യൻ ഡോളർ സഹായം അഫ്ഗാന് വാഗ്ദാനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വാർത്താ സമ്മേളനം നടന്നത്.
ഇതിനകം പാകിസ്ഥാൻ, ഖത്തർ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും
സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ച് ചൈനയുടെ അംബാസഡറുമായി ചർച്ച നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. ബയ്ജിങ് 31 മില്യൺ ഡോളറിന്റെ ഭക്ഷണവും മരുന്നുകളും എത്തിച്ചതായും മൂന്ന് മില്യൺ കൊറോണ വൈറസ് വാക്സിനുകളുടെ ആദ്യ ബാച്ച് അയച്ചതായും അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സാമ്പത്തികവും മാനുഷികവുമായ ഉപജീവന സഹായങ്ങൾ എത്തിക്കാൻ ഏവർക്കും ബാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ചൈനീസ് അംബാസഡർ ചെൻ സു പറഞ്ഞിരുന്നു.
Story Highlights: Taliban expressed gratitude towards United States for 64 Million Dollar