തിരുവനന്തപുരം: ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി വിമർശിച്ച കാനം രാജേന്ദ്രനെതിരെ ഒരുവിഭാഗം സി.പി.ഐ. നേതാക്കൾ രംഗത്ത്. കാനം രാജേന്ദ്രനും സംഘടനാ അച്ചടക്കം ലംഘിച്ചുവെന്നാണ് ഇവരുടെ വാദം. ദേശീയ എക്സിക്യുട്ടീവ് അംഗമായ കെ.ഇ. ഇസ്മയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തിലൂടെ കാനത്തെ അറിയിച്ചുവെന്നാണ് വിവരം.
ദേശീയ എക്സിക്യുട്ടീവ് അംഗം ആനിരാജ കേരള പോലീസിനെ വിമർശിച്ചതുമൂലമാണ് സംഘടയിൽ തർക്കങ്ങൾ ഉണ്ടായത്. ആനിരാജ പാർട്ടി മാനദണ്ഡം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി കാനം ദേശീയ കൗൺസിലിന് നൽകിയ പരാതിയിൽ ആനിരാജയ്ക്ക് വീഴ്ചയുണ്ടായതായി ദേശീയ കൗൺസിൽ വിലയിരുത്തി.
തുടർന്ന്, ആനിരാജയെ ന്യായീകരിക്കുന്ന രീതിയിൽ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. കേരളത്തിലെയും യു.പി.യിലെയും പോലീസിനെ ഒരേ രീതിയിൽ വിമർശിക്കുമെന്നായിരുന്നു രാജയുടെ വാദം. കാനം ഉൾപ്പെടെയുള്ള കേരളനേതാക്കളെ രാജയുടെ നിലപാട് പ്രകോപിപ്പിച്ചു. സംസ്ഥാന നേതാക്കളിലാർക്കും ഇത്രയും കാര്യങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല.
പക്ഷെ, പത്രസമ്മേളനത്തിൽ കാനം ഉന്നയിച്ച പരാമർശങ്ങളാണ് ഒരുവിഭാഗം നേതാക്കളിൽ എതിർപ്പുണ്ടാക്കിയത്. ഇത് പാർട്ടിയുടെ അവമതിപ്പിന് കാരണമാവുകയും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ രണ്ടുനിലപാടിലാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.
Story highlight : CPI against Kanam Rajendran for criticizing D Raja.