**കാസർഗോഡ്◾:** കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനെ സ്ഥലം മാറ്റി. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കരണത്തടിച്ചതിനെ തുടർന്നാണ് നടപടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഹെഡ്മാസ്റ്റർ എം. അശോകനെ കടമ്പാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് സ്ഥലം മാറ്റിയത്. വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നടപടി. ഈ മാസം 11-ന് സ്കൂൾ അസംബ്ലിക്കിടെയാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മധുസൂദനൻ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഭാഗത്തുനിന്നും നടപടിയുണ്ടായത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്ണ, സ്കൂൾ അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കി കളിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഹെഡ്മാസ്റ്റർ എം. അശോകൻ വിദ്യാർത്ഥിയുടെ കരണത്തടിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിയതായി കണ്ടെത്തുകയായിരുന്നു.
അതേസമയം രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പോലീസ് ഇതുവരെ അറസ്റ്റിന് മുതിർന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തിന് പിന്നാലെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. 24 വാർത്ത പുറത്തുവന്നതിന് പിന്നാലെ എം. അശോകനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിയത്.
Story Highlights : Incident of student’s eardrum being broken: Headmaster transferred